Saturday, December 8, 2012

നിന്നെ ഓര്‍ത്ത് ....
പ്രണയമായ് വന്നു നീ 
പ്രാണനില്‍ പെയ്തു നീ 
പുളകമായ് ജീവനില്‍ 
പൂനിലാവായി നീ...

കാലമേ നീയെനിക്കേകിയ 
പാവനതീര്‍ഥമീ പ്രാണനില്‍ 
ചേര്‍ത്ത് ഞാന്‍ നുകരട്ടെ !

നീ തീര്‍ത്ത നോവുകള്‍ 
തീരാത്ത രാവിന്റെ 
 ഓരത്തിരുന്നു ഞാന്‍ 
ഓര്‍ത്തോര്‍ത്തു തേങ്ങട്ടെ !


നീ മീട്ടുമീ രാഗ-
രാഗാനു വീണയില്‍ 
എന്റെ സ്വപ്‌നങ്ങള്‍ 
സ്വരങ്ങളുതിര്‍ക്കട്ടെ!


നീ ഉരുകുമീ പ്രണയ 
പഞ്ചാഗ്നിയില്‍ എന്റെ 
ഹൃദയമേ നീ 
വെന്തു ചാമ്പലായ് തീരുക ...

നെഞ്ചോട്‌ ചേര്‍ക്കട്ടെ 
ഞാന്‍ നിന്നെ -
നീയെന്റെ  ചാരത്തിരുന്നൊരു 
താരാട്ടു മൂളുക.....


Tuesday, November 20, 2012

പടിയിറക്കംചുണ്ടില്‍ പരിഹാസ മുദ്രയും പേറി നീ 
ദൂരത്ത്തിരിക്കുന്നുവല്ലോ 
പരാജയമുണ്ടു, ജീവിത കയ്പുനീര്‍ 
ആവോളം മോന്തി ഞാനീ പെരുവഴിത്താരയില്‍ ...
കൊണ്ടു പോകാനെത്തുന്ന നേരവും കാത്തു കാത്തു 
തളര്‍ന്ന മിഴികളില്‍ പ്രതീക്ഷതന്‍ 
പുഷ്പങ്ങളും കൊഴിഞ്ഞിങ്ങനെ.......

വന്നിരിരിക്കുമോ നീയെന്റെ ചാരത്തു ?
എന്റെ നഷ്ടങ്ങളെ നിന്നോട് ചേര്‍ക്കുമോ ?
പാതി മറന്നൊരെന്‍ ജീവിത ഗാനത്തില്‍ 
നീ വര്‍ണസ്വപ്‌നങ്ങള്‍ ചേര്‍ത്ത് മെനയുമോ?

വിട ചൊല്ലുവാന്‍മാത്രമെന്ത്  ശേഷിപ്പുകള്‍ 
ബന്ധനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുമീ 
ബന്ധങ്ങളൊക്കെ  വെറും പൊള്ളവാക്ക് പോല്‍ 
ബന്ധങ്ങളറ്റവ... നിര്ജീവമായവ...

ഉള്ളിലെങ്ങോ കലങ്ങി മറിഞ്ഞോരെന്‍ 
പ്രണയ സാഗരം എന്നേ  വരണ്ടുപോയ്!
സൌഹൃദങ്ങള്‍ ചിതല്‍ തിന്നോരോര്‍മ്മതന്‍ 
താളുകള്‍ പോല്‍ പൊടി പുരണ്ടെന്തിനോ .......

കൊണ്ടു പോകുവാന്‍ കയ്യില്‍ കരുതുമീ 
സ്നേഹവീണാ തന്ത്രിയില്‍ പോലുമേ 
നീ തന്ന നൊമ്പര മുത്തുകള്‍ കോര്‍ത്തുചേര്‍ത്ത-
തതെന്തിന്നു  വിരഹമേ....?

കാത്തു നില്‍പ്പതില്ലാരും പടിക്കെട്ടില്‍ 
കണ്ണുകള്‍ നീറി, വിതുമ്പുന്ന ചുണ്ടുമായ് ...
നേര്‍ത്ത പിന്‍വിളിയാലെയെങ്കിലും 
ആരുമില്ലെന്റെ  മാര്‍ഗം മുടക്കുവാന്‍.....

ഒടുവിലിപ്പടി ചാരി നാം നീങ്ങുമ്പോള്‍ 
പിന്നിലേക്ക്‌ മറയുമീ  കാഴ്ചകള്‍...!

സ്വപ്നഭംഗങ്ങള്‍, കണ്ണീര്‍ നിമിഷങ്ങള്‍,
നെഞ്ചു കീറിക്കരയിച്ച കാഴ്ച്ചകള്‍...
ഇത്തിരി തേനും, ഒരിത്തിരി വെട്ടവും 
ഒടുവിലീ മരണ രാത്രിതന്‍ വേവുകള്‍.....

ഓര്‍മ്മകള്‍ക്കു കരിമ്പടം തയ്ച്ചു നീ 
മൂടുകെന്റെ സിരാ പടലങ്ങളെ.....

Wednesday, May 23, 2012

വേട്ടനായ്ക്കള്

പിന്നാലെയുണ്ട്  വേട്ടനായ്ക്കള്‍..
സത്യത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്,
നന്മയുടെ പൂക്കള്  കവര്‍ന്നെടുക്കാന്‍ ,
സ്നേഹത്തിന്റെ വാപികളില്‍ വിഷം പടര്‍ത്താന്‍,
പ്രണയത്തിന്റെ വനികകളില്‍ കള വിതയ്ക്കാന്‍ ,
അക്ഷരമഗ്നിയില്‍  വൈശികനൃത്തമാടാന്‍,
പിന്നാലെ വരുന്നുണ്ട് വേട്ടനായ്ക്കള്‍ ......


ഒരു മുഖം, പല മുഖം, പല മേല്വിലാസക്കുറി
പലനാളിലാടിയ നാട്യങ്ങള്‍  പിന്നെയും...
ചിരകാലമെരിയുന്ന വ്രണിത ഹൃദയങ്ങളെ
വേട്ടയാടാനിതാ കൂട്ടമായ്‌ കൂട്ടമായ്‌,
പിന്നാലെയുണ്ടവ വേട്ടനായ്ക്കള്‍.......കാലിത്തൊഴുത്തില്‍  പിറന്നവനെങ്കിലും
കാലിയെ മേച്ചു നടന്നവനെങ്കിലും
കണ്ണാലെ കാണുകില്‍, കണ്ണില്‍ പതിയുകില്‍
കണ്ണീരു തോരാ കരിംരാവില്‍  ഒന്നിലും ..

Wednesday, March 14, 2012

യാത്ര


അക്ഷരങ്ങളില്‍ അഗ്നി തേടി,
വാക്കുകളില്‍ കാരുണ്യം തേടി,
ഹൃദയത്തില്‍ വിശുദ്ധി തേടി,
സത്യത്തിന്റെ ആത്മാവ് തേടി,
ഇരുളിന്റെ വെളിച്ചം തേടി,
മൌനത്തിന്റെ മാനം തേടി,
സ്നേഹത്തിന്റെ ത്യാഗം തേടി,
പ്രണയത്തിന്റെ പൊരുളുകള്‍ തേടി,
എന്നോ എന്നെ തനിച്ചാക്കി പോയ
കവിത ഇന്നലെ മടങ്ങി വന്നു,
അന്ധയും മൂകയും ബധിരയുമായി......

Friday, February 11, 2011

ഭയം

ഭയമാണ് ...
എനിക്ക് മേല്‍ പെയ്തിറങ്ങുന്ന  ഇരുള്‍ ചിറകുകളെ ..
എന്റെ മാറിലേക്ക്‌ തറച്ചിറങ്ങുന്ന    നിന്‍റെ കണ്ണുകളെ....
എന്റെ സ്വപ്നങ്ങളെ കശക്കിയെറിയുന്ന  നിന്‍റെ കൈവിരലുകളെ....
ഭയമാണ് ,
മുന്നില്‍ ചലിക്കുന്ന എന്റെ നിഴലിനെപ്പോലും....

മരണത്തെ അറിയാതെ സ്നേഹിക്കുമ്പോഴും
പുനര്‍ജനി വീണ്ടും വേട്ടയാടുന്നു.
അപ്പോഴും എനിക്കൊപ്പം   നീ ഉണ്ടാവുമെന്ന തിരിച്ചറിവ്...
ഓടിയൊളിക്കാന്‍ ഒരു കല്‍തുറുങ്കും
അവശേഷിക്കുന്നില്ലെന്ന  നിസഹായത
എവിടെയാണെനിക്കഭയം?

ഒരു ഭ്രൂണമായി ഇതളിട്ട നാള്‍ മുതല്‍
നിന്‍റെ വാള്‍ത്തല എന്നെ കീറിമുറിക്കുന്നു
നിന്‍റെ താഡനമേറ്റ് പൊലിഞ്ഞ ബാല്യങ്ങള്‍
എന്റെ ജീവനെ ചുട്ടു പൊള്ളിക്കുന്നു
നീ കശക്കിയെറിഞ്ഞ ജീവനുകള്‍
എന്റെ ശിരസിനു മുകളില്‍ തൂങ്ങിയാടുന്നു..

കരള്‍ പിളര്‍ക്കുന്ന നരക യാത്രയില്‍
ഭയമാണ്....
മുന്നില്‍ ചലിക്കുന്ന എന്റെ നിഴലിനെ പോലും ... 

Tuesday, October 19, 2010

നിനക്ക്....
പ്രണയാര്‍ദ്രമാമെന്റെ ഹൃദയ താഴ്വാരത്തില്‍ 
നീ കുടഞ്ഞിട്ടതാം വര്‍ണ്ണ കിനാവുകള്‍
പൊട്ടിമുളച്ചു  വിടര്‍ന്നു വളര്‍ന്നുവന്നിന്നെന്‍റെ 
പ്രാണനില്‍ തീര്‍ക്കുന്നു വാസന്തം...

കാത്തു നില്‍ക്കാതെ കടന്നുപോം കാലത്തിനൊപ്പം
ചലിക്കുന്നു, നാമൊരേ വീചിയായ്‌.
നമ്മെ മറന്നു നാം പാടുന്ന പാട്ടുകള്‍ 
കുളിരായി നിറയുന്നിതാകാശവീഥിയില്‍   

സ്വര്‍ണ ലിപികളാല്‍  ആലേഖനം ചെയ്ത 
നിന്‍റെ നാമമെന്‍ പ്രാര്‍ഥനാ മന്ത്രമായ് 
നിന്‍റെ രൂപമെന്‍ ആത്മാവിനുള്ളില്‍ ഞാന്‍
എന്നുമര്‍ച്ചന  ചെയ്യുന്ന പുണ്യമായ്....

കണ്ണുനീരിലും പുഞ്ചിരിച്ചീടുവാന്‍,
പുഞ്ചിരിക്കുള്ളില്‍ നിന്നെ നിറയ്ക്കുവാന്‍
നിന്‍റെ ഗാനത്തിലെന്നെ മറക്കുവാന്‍
എന്നുമെന്നില്‍ നീ നീയായി നിറയുക....

Saturday, September 25, 2010

ശരിയും  തെറ്റും
ശരിയുടെ പാരാവരത്തിലൂടെ
എത്ര തുഴഞ്ഞാലും
ഒരു വലിയ തെറ്റാണ് ഞാന്‍.

എത്ര തെറ്റുകള്‍ ആരോപിക്കപ്പെട്ടാലും
അശുദ്ധിയുടെ തീണ്ടലേല്‍ക്കാത്ത
ശരിയുടെ തീനാളമാണ് ഞാന്‍

എല്ലാ തെറ്റുകളും ശരികളായ് മാറുമ്പോള്‍
എല്ലാ ശരികളും കാലം മായ്ക്കുമ്പോള്‍
തെറ്റും ശരിയുമില്ലാത്ത ലോകത്തില്‍
ഒരു ജനല്പാളി എനിക്കായ് തുറക്കുന്നു......

Saturday, September 18, 2010

 ഗുല്‍മോഹര്‍  ....
നിന്‍റെ നിഴല്‍ എനിക്കുമേല്‍
സ്നേഹത്തിന്റെ കുട നീര്ത്തിയപ്പോള്‍
പൊയ്പ്പോയ വസന്തത്തിന്റെ ശോണിമ
മനസിന്റെ ക്യാന്‍വാസിലേക്ക്
ആവാഹിക്കുകയായിരുന്നു ഞാന്‍....

അക്ഷരങ്ങള്‍ തീര്‍ത്ത ഇടിമുഴക്കങ്ങള്‍
ബധിര കര്‍ണ്ണങ്ങളില്‍  വീണുടഞ്ഞപ്പോള്‍ 
എരിഞ്ഞടങ്ങിയ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍..
ചുരുട്ടിയ മുഷ്ടികള്‍ക്കിടയില്‍
അമര്‍ന്നുപോയ ജീവിതങ്ങള്‍....

"വരൂ ഈ തെരുവുകളിലെ രക്തം കാണൂ "

കാണുന്ന കാഴ്ചകള്‍ കരളിനെ കൊത്തിവലിയ്ക്കുമ്പോള്‍
ഞാനീ കണ്ണുകള്‍ ചൂഴ്ന്നെടുക്കട്ടെ...

കാലം തീര്‍ത്ത തടവറയില്‍ കൂട്ടിനു 
കാലം  മായ്ക്കാത്ത നോവുകള്‍ മാത്രം....
  • ജയരാജ് ഫിലിം ഗുല്‍മോഹര്‍ 

Wednesday, July 28, 2010

     സ്വപ്നത്തോട്...

ചിറകുകളുള്ള എന്‍റെ പ്രിയ സ്വപ്നമേ...
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ
രാവിന്‍റെ ഓരം ചേര്‍ന്നെത്തി എന്‍റെ നിദ്രയില്‍
നീ വീണ്ടും  പൂത്തുതളിര്‍ക്കുക...
പുനര്‍ജനിയുടെ മന്ത്രങ്ങളോതി
വിളിച്ചുണര്‍ത്തുമ്പോള്‍  നീ അറിയാതെ പോയതും
ഞാന്‍ പറയാന്‍ മറന്നതും ശൂന്യതകള്‍
മാത്രമവശേഷിപ്പിക്കുന്ന ഈ കാത്തിരിപ്പ്...
കേള്‍ക്കുവാന്‍ കഴിയാതിരുന്നത് നീ
കുടഞ്ഞിട്ട മഞ്ചാടിമണികളുടെ കിലുക്കം... 
കണ്ണുകള്‍ക്ക്‌ മുന്നില്‍ തെളിയാതിരുന്നത് 
നീ നീട്ടിയ പ്രതീക്ഷയുടെ കിരണങ്ങള്‍..
 ചിറകുകളുള്ള എന്റെ പ്രിയ സ്വപ്നമേ,
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ? 

Wednesday, July 21, 2010

ലളിതഗാനം 2

എവിടെ നിന്നു വന്നു നീ...
ഒരു തൂവലായ് കനവായ്....
എവിടെനിന്നും എവിടെ നിന്നും....
ജീവനായ്...എന്‍ മോഹമായ്... (എവിടെ നിന്നു ....)

ഓര്‍മ്മയില്‍ വീണടിയും പൂവുകള്‍
നീ വരച്ചൊരു ചിത്രമായ്‌...
നീ കുറിച്ചൊരു ഗാനമായി  ഞാന്‍
ഒഴുകിയീ മൂക സന്ധ്യയില്‍.... (എവിടെ നിന്നു ...)

കാത്തിരുന്നു ഞാന്‍  എന്‍റെ ജീവനെ...
നിന്‍റെ മൊഴിയിലെ സാന്ത്വനം....
കോര്‍ത്തു വച്ചു ഞാന്‍ നിന്‍റെ മിഴിയിലെ
പ്രണയമെന്‍ താര ഹാരമായ്‌....(എവിടെ നിന്നും....)