Wednesday, July 28, 2010

     സ്വപ്നത്തോട്...

ചിറകുകളുള്ള എന്‍റെ പ്രിയ സ്വപ്നമേ...
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ
രാവിന്‍റെ ഓരം ചേര്‍ന്നെത്തി എന്‍റെ നിദ്രയില്‍
നീ വീണ്ടും  പൂത്തുതളിര്‍ക്കുക...
പുനര്‍ജനിയുടെ മന്ത്രങ്ങളോതി
വിളിച്ചുണര്‍ത്തുമ്പോള്‍  നീ അറിയാതെ പോയതും
ഞാന്‍ പറയാന്‍ മറന്നതും ശൂന്യതകള്‍
മാത്രമവശേഷിപ്പിക്കുന്ന ഈ കാത്തിരിപ്പ്...
കേള്‍ക്കുവാന്‍ കഴിയാതിരുന്നത് നീ
കുടഞ്ഞിട്ട മഞ്ചാടിമണികളുടെ കിലുക്കം... 
കണ്ണുകള്‍ക്ക്‌ മുന്നില്‍ തെളിയാതിരുന്നത് 
നീ നീട്ടിയ പ്രതീക്ഷയുടെ കിരണങ്ങള്‍..
 ചിറകുകളുള്ള എന്റെ പ്രിയ സ്വപ്നമേ,
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ? 

Wednesday, July 21, 2010

ലളിതഗാനം 2

എവിടെ നിന്നു വന്നു നീ...
ഒരു തൂവലായ് കനവായ്....
എവിടെനിന്നും എവിടെ നിന്നും....
ജീവനായ്...എന്‍ മോഹമായ്... (എവിടെ നിന്നു ....)

ഓര്‍മ്മയില്‍ വീണടിയും പൂവുകള്‍
നീ വരച്ചൊരു ചിത്രമായ്‌...
നീ കുറിച്ചൊരു ഗാനമായി  ഞാന്‍
ഒഴുകിയീ മൂക സന്ധ്യയില്‍.... (എവിടെ നിന്നു ...)

കാത്തിരുന്നു ഞാന്‍  എന്‍റെ ജീവനെ...
നിന്‍റെ മൊഴിയിലെ സാന്ത്വനം....
കോര്‍ത്തു വച്ചു ഞാന്‍ നിന്‍റെ മിഴിയിലെ
പ്രണയമെന്‍ താര ഹാരമായ്‌....(എവിടെ നിന്നും....)

Friday, July 16, 2010

മരണം

വാക്കുകള്‍   മരിക്കുമ്പോളാണ് 
യഥാര്‍ത്ഥ മരണമെങ്കില്‍
നിനക്ക് മുന്നില്‍ എന്നേ മൃതിയടഞ്ഞതാണ്  ഞാന്‍?
ശവമഞ്ചം പേറി ഇന്നും സ്വപ്‌നങ്ങള്‍
ഇതു വഴിയെ അലയുന്നു....

ഒന്നുമില്ല....ഒരു വാക്കുമില്ല
നിന്നോട് മന്ത്രിക്കുവാന്‍....
പാതിയുറക്കത്തില്‍ വിളിച്ചുണര്‍ത്തി നീ തന്ന
സുവര്‍ണ നിമിഷങ്ങള്‍...
നീ തന്ന കണ്ണുനീര്‍ തുള്ളികള്‍....
നിന്നില്‍ മാത്രം വിടര്‍ന്നു നിന്നില്‍ ഒടുങ്ങിയ
എന്‍റെ ദിനരാത്രങ്ങള്‍...
ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ ഉറങ്ങുന്ന
നിന്‍റെ ഓര്‍മ്മകള്‍....
ഒരു വാക്കും അവശേഷിക്കുന്നില്ല
ഒക്കെയും പകര്‍ത്തുവാന്‍ ........

ഇത്തിരി നേരം എന്തിനേ
നീ ഇവിടേയ്ക്ക് പറന്നു വന്നത്?
എന്തിനേ ഈ ദുര്‍ബലമായ
ശാഖിയില്‍  ഒരു കൂട് കൂട്ടിയത്?
 ഒരു ചെറുകാറ്റിലും ഉലയുന്ന ഈ കൂട്
എന്നെ ഭയപ്പെടുത്തുന്നു....
മരണത്തിന്റെ നേര്‍ത്ത തലോടല്‍...
വാക്കുകള്‍ക്കൊപ്പം ഇല്ലാതാവാന്‍
എന്നെ  അനുവദിക്കുക....


Monday, July 12, 2010

  
ഒരു ലളിതഗാനം.....

മയില്‍‌പീലി

കണ്ണാ നിനക്കായി നല്കുവാനിന്നൊരു
സമ്മാനമുണ്ടെന്റെ  കയ്യില്‍....
ചാരത്തണഞ്ഞു  നീ ചേര്‍ന്നു  നില്ക്കുകില്‍
തന്നിടാം കയ്യില്‍ രഹസ്യമായി....(കണ്ണാ...)

പൈക്കളെ  മേച്ചു നീ കാട്ടില്‍ നടക്കുമ്പോള്‍
ഓര്‍മ്മയില്ലാതെങ്ങും  വച്ചിടൊല്ലേ... 
ഗോപികമാരൊത്തു  നീറ്റില്‍ കളിക്കുമ്പോള്‍
ഞാന്‍ തന്നുവെന്നു   പറഞ്ഞിടല്ലേ... ..........(കണ്ണാ...)

ഇത് വെറും പീലിയല്ലിതിലുണ്ട് സ്വപ്‌നങ്ങള്‍
ഇതിലുണ്ട് കണ്ണനെ തേടുന്ന കണ്ണുകള്‍....
ഇതു  നീയണിയുക  നെറുകയില്‍  കൃഷ്ണാ...
കരിനീല വര്‍ണ്ണാ, നിനക്കിതെന്‍ സമ്മാനം.....(കണ്ണാ..)Wednesday, July 7, 2010

   

കളിവീട്  

കിനാവുകള്‍ നെയ്തൊരു
       കളിവീട് കെട്ടി ഞാന്‍
നിന്നെയാ കൂട്ടില്‍ 
       കുടിയിരുത്തും...

രാവിന്റെ ജാലകം 
      മെല്ലെ തുറന്നു  ഞാന്‍ 
ചാന്ദ്രിക ബിംബം 
       കവര്‍ന്നെടുക്കും....

താരാഗണങ്ങള്‍ കളി 
         വാക്കുതിര്‍ക്കവേ
മെല്ലെയാ കൈകളില്‍ 
        ഉമ്മ വയ്ക്കും

പൂക്കളും പുഴകളും
         പൂവിട്ട തേന്മാവും
മണ്ണിലും സ്വര്‍ഗങ്ങള്‍
        തീര്‍ത്തു വയ്ക്കും

പൂവാംകുരുന്നില 
       നുള്ളുന്ന തെന്നലെന്‍ 
നൊമ്പരശീലുകള്‍ 
      ഏറ്റുപാടും.....

ചാരുതയേറുന്ന നിന്‍ 
         മിഴിപ്പൂക്കളില്‍ 
എന്‍റെ  മോഹങ്ങള്‍ 
          ഒളിച്ചിരിക്കും...

നീയാണ് ഞാനെന്നു 
       തേറുമാവേളയില്‍
കത്തി ജ്വലിച്ചു ഞാന്‍
       സൂര്യനാകും....


Tuesday, July 6, 2010


നീ ഒരു മഴയായിരുന്നെങ്കില്‍

വറ്റി വരണ്ട എന്‍റെ ജീവനിലേക്കു
ഒരു മഴയായി നീ പെയ്യുമെങ്കില്‍
മഴത്തുള്ളികള്‍ കോര്‍ത്ത്‌ ഞാനൊരു
സുവര്‍ണ ഹാരം തീര്‍ക്കും ..

പുതുമണ്ണിന്റെ ഗന്ധം പ്രാണനില്‍
അരിച്ചിറങ്ങുമ്പോള്‍ മഴയിലലിഞ്ഞു
മഴയായ് തീര്‍ന്ന് ഞാന്‍ എന്‍റെ ജന്മം
ഒരു മഴത്തുള്ളിയില്‍ ഒളിപ്പിക്കും ....

നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍
അലയടിക്കുന്ന നൊമ്പരങ്ങളെ ഞാന്‍
നിന്‍റെ ആരവങ്ങള്‍ക്കിടയില്‍
പോയ്‌ മറയാന്‍ അനുവദിച്ചേനെ..

നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍.....