Sunday, June 27, 2010

 ഒറ്റയ്ക്ക്
ഒറ്റയ്ക്കാവുമ്പോള്‍
ഞാന്‍ വല്ലാതെ ഒറ്റയ്ക്ക്....
സൌഹൃദത്തിന്റെ കാണാ ചരടുകളോ
പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശമോ
നിന്‍റെ സാന്ത്വനത്തിന്റെ
നേര്‍ത്ത വലയങ്ങലോ ഇല്ലാതെ
ഒറ്റയ്ക്ക്.....

രാവിന്റെ കൂമ്പിയടഞ്ഞ ഇതളുകള്‍ക്കിടയില്‍
മഞ്ഞുതുള്ളിയെപ്പോല്‍
പതിയിരിക്കുന്ന
വേദന പോലും അടുക്കാന്‍ 
അറയ്ക്കുമ്പോള്‍
ഒറ്റയ്ക്കാണെന്നു പോലും
മറക്കുന്നു ഞാന്‍.....Tuesday, June 22, 2010എങ്ങനെ കുറിക്കണം ഞാന്‍?

പത്രത്താളില്‍ നിന്നും
നീണ്ടു വന്ന് നിന്‍റെ കൈകള്‍
എന്‍റെ കഴുത്ത് ഞെരിക്കുന്നു...
എല്ലുകള്‍ നീണ്ട്,
കണ്ണുകള്‍ കുഴിഞ്ഞ്,
രക്തമൊരു  തുള്ളിയും
അവശേഷിക്കാത്ത ആ കൈകള്‍....

നിന്‍റെ പിഞ്ചു നാവ്  ഇറ്റു
ജലത്തിനായ്‌ കേഴുമ്പോള്‍
നദി വിറ്റു വാങ്ങിയ കോളയില്‍
ഞാന്‍ എന്‍റെ പാപം കഴുകുന്നു...
നിന്‍റെ പ്രാണന്‍ പശിയാല്‍ പിടയുമ്പോള്‍
എന്‍റെ എച്ചില്‍ കൂനകള്‍
അമ്ബരത്തോളം ഉയരുന്നു...
 ഇവിടെ ഈ ശീതളിമയില്‍ ഇരുന്ന്
ഞാന്‍ പ്രണയത്തെ കുറിച്ച്
പാടുമ്പോള്‍
അങ്ങ് ദൂരെ നിന്‍റെ അവസാന ശ്വാസം
നിലക്കുന്നതും നോക്കി
കാവലുണ്ട്  ഒരു  കഴുകന്‍..!

എന്‍റെ സ്വപ്നങ്ങള്‍ക്ക് മാത്രമല്ല,
മരണത്തിനും നിറമുണ്ടത്രെ!
അങ്ങനെയെങ്കില്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക്  നിറമെന്താവും?
ഒരു പിടി ചോറിന്റെ നിറം?
ഒരിറ്റു തെളിനീരിന്റെ നിറം?
അതോ ഇനിയും നിന്‍റെ
കണ്ണുകളില്‍ നിന്നടരാന്‍
മടിക്കുന്ന കണ്ണീരിന്റെയോ?

അറിയുന്നു ഞാന്‍ .
ആ പിഞ്ചു കൈപ്പത്തികള്‍ക്ക്
എന്‍റെ ദര്‍പ്പത്തോടൊപ്പം  
ഈ ലോകത്തെ അപ്പാടെ ഞെരിക്കാന്‍
കഴിഞ്ഞേക്കും, 
ഇന്നല്ലെങ്കില്‍
മറ്റൊരിക്കല്‍....

Friday, June 18, 2010

നീയും  ഞാനും

എന്‍റെ കണ്ണുനീരിനും 
 നിന്‍റെ  വിശുദ്ധിയ്ക്കുമിടയില്‍ 
 ജന്മാന്തരങ്ങളുടെ ദൈര്‍ഘ്യം  !

 എന്‍റെ  മലര്‍വാടിയില്‍ 
 നിറഞ്ഞു വഴിയുന്നത് 
 നീ എന്ന പുഷ്പത്തിന്‍  സുഗന്ധം !

 കടലായി  മുന്നില്‍ അലയടിച്ചുയരുന്നത്
 ആത്മ ദുഖത്തിന്റെ 
 കാണാ ചുരുളുകള്‍....!

 ഇതൊരു തീരാക്കവിത....
 ഞാനും....എന്നില്‍ പെയ്തിറങ്ങുന്ന 
  നീയും.....!!!


Thursday, June 17, 2010

പ്രളയം
 
പൊഴിഞ്ഞു വീഴുന്ന മഴ തുള്ളികള്‍
മണ്ണില്‍ പ്രളയം സൃഷ്ടിക്കുമ്പോള്‍
കണ്‍ ചിമ്മുന്ന  നക്ഷത്രങ്ങള്‍ക്ക്
ശോണ വര്‍ണം...

പ്രളയത്തില്‍ ഒടുങ്ങുന്ന പ്രണയത്തിന്റെ
നിലയ്ക്കാത്ത താളം പോലെ
മരവിച്ച ഹൃദയത്തില്‍
മുഴങ്ങുന്ന പെരുമ്പറ...

അനാഥത്വത്തിന്റെ ഭീതിയില്‍
തെരുവിലലയുന്ന ബാല്യത്തെ
തൊട്ടിലാട്ടാന്‍ ‍, കാലം തീര്‍ത്ത കരുത്തോടെ 
കുതിച്ചു പായുന്ന ഒരു വന്‍ തിരമാല...

ഒരു ശിവ താണ്ടവത്തിന്റെ  നോവുകള്‍
താങ്ങാനാവാത്ത ഭൂമിയില്‍
വീണ്ടും ഒരു പുനര്ജ്ജനിക്കായ്‌
വിതുമ്പുന്ന സൂര്യന്‍ .....

Wednesday, June 16, 2010                          
 

                    വിട

 ഓമലേ നിന്നുടെ മൌനമെന്‍ ഹൃത്തിലെ-
യ്ക്കാഴ്ന്നിറങ്ങുന്നൊരു  വാളായിരുന്നുവോ? 
നിന്നിലെ ദൈന്യമെന്‍ സുന്ദര വേണുവില്‍
ഗാനം മുഴക്കുന്ന കാറ്റായിരുന്നുവോ?

അര്‍ത്ഥമില്ലാത്തെത്ര  സങ്കീര്‍ത്തനങ്ങളാല്‍
വ്യര്‍തവിലാപങ്ങള്‍  നെയ്തിരുന്നന്നു നാം
തൂലിക തുമ്പിലൂടിറ്റ  കണ്ണീരിനാല്‍ 
എത്ര ചിത്രങ്ങള്‍ വരച്ചിരുന്നു?

ഓര്‍മ്മകള്‍, നോവുമീ ഓര്‍മ്മകള്‍ക്കായിനി
തീര്‍ക്കാം നമുക്കൊരു ശവ കുടീരം 
നൊന്തു വേവുന്നോരീ ഹൃദയം പറിച്ചെറി -
ഞ്ഞൊരുമാത്ര നമ്മെ മറന്നിരിക്കാം....

എത്രയോ പാതകള്‍ പിന്നിട്ടതാണ് നാ-
മിരുപേരുമിടറാത്ത  പാദങ്ങളാല്‍ 
പിന്നെ എന്തിനീ വേദന എന്തിന്നു വേപഥു
പിന്‍ വിളികളില്ലാതെ  കടന്നു പോകാം

എത്ര ജന്മങ്ങള്‍ പകിത്തിട്ടുമിന്നിയും 
ബാക്കിയാവുന്നൊരാ വാക്കുകള്‍ക്കായി ഞാന്‍
ഓര്‍മയില്‍ പരതവേ യാത്ര ചൊല്ലാതെ നീ
യാത്രയാവുന്നുവോ അന്ധ മൂക ബധിരനായ്?

                            (Published in Mathrubhumi weekly)

 പുണ്യോദയം 

ആര്‍ദ്രമാം സ്നേഹം  പേറി
കുറുകും പ്രാവേ നിന്‍റെ
കൊഞ്ചലിന്‍ നാദം വന്നെന്‍
നെഞ്ചകം കുളിര്‍ക്കുമ്പോള്‍
എന്ത് നല്കുവാനിനി കാത്തിരിപ്പിന്‍
മഹാ ശൂന്യതയല്ലാതെ ഞാന്‍?
എന്ത് ചൊല്ലുവാന്‍, പഴകിദ്രവി ച്ചൊരാ-  
പ്രണയ ഗീതത്തിന്‍ ഈരടിയല്ലാതിനി?

കോടി ജന്മങ്ങള്‍ തപം ചെയ്തു
നേടിയ, പൂര്‍വ പുണ്യോദയ
നല്കതിര്‍ ആണ് നീ....
ആ മന്ദഹാസത്തില്‍ ആലേഖനം ചെയ്ത
പ്രണയ നക്ഷത്രത്തിന്‍
പൊന്നൊളിയാണ്  ഞാന്‍!

ദൂരെ രാവിന്‍ ഇതളടര്‍ന്നീടവേ
കൊച്ചു പൂവുകള്‍ കണ്‍ തുറന്നീടവെ 
നിന്‍റെ വേണുവില്‍ കാറ്റ് അലിഞ്ഞീടവേ 
കൃഷ്ണ ശലഭങ്ങള്‍ 
വന്നെന്നെ മൂടുന്നു, ഒരു ശലഭമായ് 
ഞാന്‍ വിണ്ണിലെക്കുയരുന്നു.......

                           

Wednesday, June 9, 2010
 മോഹം
 
കിനാവിനുമപ്പുറത്തെന്റെ
പൊന്‍ തൂലികയില്‍ 
ആയിരമക്ഷരപൊട്ടുകള്‍   തീര്‍ത്തു നീ 
ഇന്നിന്‍റെ സിരകളെ ആകെ ത്രസിപ്പിച്ചു 
പുതിയൊരു ലോകത്തിലനവദ്യമാവുന്നോ-
രമൃതം ചൊരിഞ്ഞിങ്ങു വന്നുവെങ്കില്‍....

കാല പ്രവാഹത്തിന്‍ കാണാചുഴികളില്‍ 
പാടിപ്പതിഞ്ഞും, പിടഞ്ഞും, നമുക്കുള്ളില്‍
നാം തീര്‍ത്ത നിത്യ വാസന്ത 
മായാവനികയില്‍ 
വര്‍ണത്തില്‍ ചാലിച്ച കവിതകള്‍ 
തീര്‍ത്തുവെങ്കില്‍ ....

അന്തിക്കു  കൂടണയുമമ്മ കുരുവിതന്‍
ചുണ്ടില്‍ നിന്നിറ്റിക്കു-
മിത്തിരി തേനിന്റെ 
മധുരം നുണയുന്ന കുഞ്ഞി കിളിക്കുള്ളില്‍ 
വിരിയുന്ന രോമാഞ്ചമായ് 
മാറിയെങ്കില്‍....
 
നിറമിയലുമോര്‍മ്മകള്‍ മാത്രമാ-
ണെങ്കലിന്നതില്‍ വിരിയുമാശകള്‍
മാത്രമാണെങ്കിലും 
നോവുന്നു മാനസമന്വഹമെങ്കിലും
നീള്‍മിഴി തൂവി  തുളുമ്പുന്നുവെങ്കിലും
മോഹിച്ചിടുന്നു ഞാന്‍.....!!!!!!

Sunday, June 6, 2010


പ്രണയത്തില്‍....    

പ്രണയമായ് ഇന്നെന്‍റെ കനവിന്റെ ചില്ലയില്‍ 
ഉദ്ദീപ്തമായൊരു താരമേ മായല്ലേ..
യാത്ര പറഞ്ഞു നീ പോയിടൊല്ലേ  , നിന്‍റെ
കണ്ണീരില്‍ എന്നെ നനച്ചിടൊല്ലേ...

                                                    
നീ ഇന്നുദിച്ചതിന്‍ മൂലമെന്നുദ്യാന-
മാകെ വിടര്‍ന്നത് കാണ്മതില്ലേ?
എങ്ങും സുഗന്ധം പരക്കയല്ലേ, എന്‍റെ
നിനവിലും നീ വന്നു നിറകയല്ലേ...


എന്‍റെ പ്രണയമേ എന്‍റെ ഹൃദ്സ്പന്ദമേ,  
നീയെന്‍ വിരല്‍ തുമ്പു തൊട്ടിടുമ്പോള്‍
നോവുകളൊക്കെ മറക്കയല്ലേ, എന്‍റെ 
മിഴികളില്‍ സൂര്യന്‍ ഉദിക്കയല്ലേ?


ചാരത്തണഞ്ഞു നിശ്ശബ്ദമിരിക്കിലും 
മധുരമാം ഗീതം ശ്രവിപ്പതില്ലേ 
കാറ്റിലും ചുംബന ഗന്ധമില്ലേ, മണ്ണു
മഴതേടി എപ്പോളോ തേങ്ങിയില്ലേ?  

  
പീലി വിടര്‍ത്തി നിന്നാടിയില്ലേ  മനം 
ഒരു മയില്‍പേടയായ് മാറിയില്ലേ
ചിറകുകള്‍ തേടി ഉഴന്നതില്ലേ, എങ്ങും 
പാറി പറക്കാന്‍ കൊതിച്ചതില്ലേ?


പ്രണയമേ നീ അരികില്‍ ഒരുവേളനില്‍ക്കവേ 
എന്നെ മറന്നു ഞാന്‍ പാടിടുന്നു...
എന്നെ വിട്ടെങ്ങും നീ പോയിടൊല്ലേ, നിന്‍റെ
കണ്ണീരില്‍ എന്നെ  നനച്ചിടൊല്ലേ...

Saturday, June 5, 2010

 
ജി യുടെ സൂര്യകാന്തി , എന്‍റെയും...
      
     സ്വപ്‌നങ്ങള്‍ പതിവായി വിരുന്നെത്തിയിരുന്ന കാലത്തെന്നോ അമ്മൂമ്മ എനിക്ക് നല്‍കിയ സമ്മാനം ആയിരുന്നു ജി. ശങ്കര കുറുപ്പിന്റെ 'സൂര്യകാന്തി'. ഉള്ളില്‍ നൊമ്പരതിന്റെ ആഴക്കടല്‍ സൃഷ്‌ടിച്ച സൂര്യകാന്തി ഇന്നും തനിച്ചിരിക്കുമ്പോള്‍ എന്റെ സ്വകാര്യ നൊമ്പരമാവുന്നു ....
           ഏഴു കുതിരകളെ പൂട്ടിയ തേരില്‍, കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ വന്നെത്തുന്നതും കാത്തു സൂര്യകാന്തി തപസ്സിരുന്നു....  ആരുമറിയാതെ...... സൂര്യന്റെ ഓരോ ചലനങ്ങളും പിന്തുടരുമ്പോള്‍ "പരോദാരനാം അവിടുത്തെയ്ക്കെന്തു തോന്നിയോ ഹൃത്തില്‍??" എന്ന് ആ കൊച്ചു പുഷ്പം ആശങ്കപ്പെടുന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി.. അവളുടെ അരികില്‍ രഥം നിര്‍ത്തി അദ്ദേഹം ചോദിച്ചു  "ആര് നീ അനുജത്തി?? നിര്‍ന്നിമേഷമായെന്തെന്‍ തേര് പോകവേ നേരെ നോക്കി നില്‍ക്കുന്നു ദൂരെ?"..... അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോള്‍ എന്ത് പറയണമെന്ന് സൂര്യകാന്തി മറന്നു....തന്‍റെ വിറയല്‍ ഒളിപ്പിക്കാന്‍ ആവോളം പണിപ്പെട്ടിട്ടും അതിനു സാധിക്കാതെ വന്നപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ ചോദ്യം..."എന്താണ് നീ പറയുവാന്‍ ആഗ്രഹിക്കുന്നത്?       "വല്ലതും പറയുവാന്‍ ആഗ്രഹിക്കുന്നുണ്ടാവാമല്ലയോ തെറ്റാണൂഹം എങ്കില്‍ ഞാന്‍ ചോദിച്ചില്ല"  സൂര്യകാന്തിയുടെ മുഖം വാടി. എന്താണ് തനിക്കു പറയാനുള്ളത്? അവള്‍ വിചാരിക്കുകയായിരുന്നു...."സര്‍വ സന്നുതന്‍ സവിധാവെങ്ങ് എങ്ങു നിര്‍ഗന്ധം പുഷ്പം" ......നിസ്സഹായതയില്‍ സൂര്യകാന്തി ഉരുകി ഒലിച്ചു...
അവളുടെ വിചാരഗതി ഈ വിധം നീളുന്നു..
              " ആര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
                സൂര്യകാന്തിയെന്നെന്നെ പുച്ച്ചിപ്പതാണീ ലോകം
                പരനിന്ദ വീശുന്ന വാളിനാല്‍ ചൂളിപ്പോകാ
                പരകോടിയില്‍  ചെന്ന പാവന ദിവ്യ സ്നേഹം"
 പതിയെ പതിയെ സൂര്യകാന്തി എന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു....വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു....ദൂരെ ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിക്കുന്ന സൂര്യനോട് ദേഷ്യവും..."അരുത്..." സൂര്യകാന്തിപൂക്കള്‍  നിശബ്ദം മൊഴിഞ്ഞു. "എന്റെ സൂര്യനെ നീ വെറുക്കരുതെ... നിര്‍ഗന്ധിയായ ഈ കൊച്ചു പുഷ്പം തന്നെയാണ് എല്ലാത്തിനും കാരണക്കാരി".  ഒരിക്കലും പിരിയരുതെന്നു ഞാന്‍ ആശിച്ച ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്...  പിന്നീട് ഒപ്പമുള്ള ഓരോ നിമിഷങ്ങളിലും അവള്‍ എന്നോട് ഒരായിരം കഥകള്‍ പറഞ്ഞു.... അപ്രതീക്ഷിതമായി അവളുടെ അരികില്‍ രഥം നിര്‍ത്തി സൂര്യന്‍ അവളോട്‌ കിന്നാരം പറഞ്ഞതും അത് വഴി കടന്നു പോയ മാരുതന്‍ അവളെ കളിയാക്കി  ചിരിച്ചതും, അസൂയ മൂത്ത മറ്റു  പുഷ്പങ്ങള്‍ അവളെകുറിച്ചപവാദങ്ങള്‍ പറഞ്ഞതും.....ചെത്തിയോടും മുല്ലയോടും ഞാന്‍ അവള്‍ക്കു വേണ്ടി വഴക്ക് പിടിച്ചു....ഒരിക്കല്‍ പ്രിയങ്കരിയായിരുന്ന ചെമ്പരത്തിയോടു വരെ പിണങ്ങേണ്ടി വന്നെനിക്ക്... സൂര്യകാന്തിയുടെ നാണത്തില്‍ മുങ്ങിയ മുഖം ഇന്നും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു....
 മഴയുള്ള ഒരു പ്രഭാതത്തില്‍ നനഞ്ഞു കൂമ്പിയ എന്റെ സൂര്യകാന്തിയെ കാണാന്‍ ഞാന്‍ എത്തി... നനഞ്ഞ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന അവളുടെ മിഴികള്‍ അപ്പോളും സൂര്യനെ തേടുന്നുണ്ടായിരുന്നു. വഴിഞ്ഞൊഴുകുന്ന സങ്കടം കടിച്ചമര്‍ത്തി ഞാന്‍ ആ കൊച്ചുപുഷ്പത്തെ കയ്യിലെടുത്തു..... അവളുടെ ഇതലുകളിളുടെ വിരലുകള്‍ ഓടിക്കുമ്പോള്‍ ആ സങ്കടം ഞാന്‍ വ്യക്തമായി കേട്ടു. "ഇതാ.. സൂര്യന്‍ എത്തുന്ന  സമയമായി... പതിവ് പോലെ  എന്നെ കാണാതാവുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും വിഷമിക്കും. ഹാ കഷ്ടം.... എന്നെ ചൊല്ലി അദ്ദേഹം വിഷമിക്കില്ലേ ? ."


എന്റെ സൂര്യകാന്തി വിട പറയുകയായിരുന്നു...എന്നോടും അവളുടെ പ്രാണപ്രിയനോടും.... വിഷാദം സ്ഫുരിക്കുന്ന മിഴികളുമായി സൂര്യനെത്തിയപ്പോള്‍ എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.  വാക്കുകളെക്കാള്‍ അര്‍ഥം നിശബ്ദതയ്ക്കെന്നു ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം... ഒരു പക്ഷെ അദ്ദേഹവും ഇപ്രകാരം വിലപിചിരുന്നിരിക്കും
                     " ആ വിശ്ദ്ധമാം മുഗ്ധ പുഷ്പത്തെ
                                          കണ്ടില്ലെങ്കില്‍
                      ആ വിധം പരസ്പരം
                                     സ്നേഹിക്കാതിരുന്നെങ്കില്‍..."

ഓര്‍മയില്‍ ഒരുപാട് സൂര്യകാന്തി പൂക്കള്‍ പൊഴിഞ്ഞു പോയി....ഒരുപാട് സൂര്യോദയങ്ങളും....എങ്കിലും....ഇന്നും സുഖമുള്ള ഒരു നൊമ്പരമായി എന്റെ സൂര്യകാന്തി....അവളുടെ പ്രിയപ്പെട്ട സൂര്യന്‍....
            പ്രിയപ്പെട്ട കൂട്ടുകാരി നിത കഴിഞ്ഞ ദിനം എന്നോട് പറഞ്ഞു..." ഞാന്‍ മരിക്കുമ്പോള്‍, നിനക്ക് പോലും വിളിച്ചുനര്തനാവാത്ത ആഴത്തില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ നനഞ്ഞ പച്ച മണ്ണോടു ചേര്‍ന്ന് ഒരുകുല orchid പുഷ്പങ്ങള്‍ നീ വയ്ക്കണം " എന്ന്.... ഞാന്‍ അപ്പോള്‍ ആലോചിച്ചത് ഒരു സൂര്യകാന്തി പൂ പകരം എനിക്കായി ചോദിച്ചാലോ എന്നാണ്....പെട്ടെന്ന് മനസ് മന്ത്രിച്ചു...."അരുത്....ഓരോ സൂര്യകാന്തിപൂകളും സൂര്യനെ തേടിയുള്ള പ്രയാണത്തിലാണ്...അത് അവളുടെ  ജീവിത ലക്ഷ്യമാണ്‌. അതിനിടയില്‍ അവളെ പിഴുതെടുക്കരുതെ...."
             

Thursday, June 3, 2010

                       
                          ദുഃഖം
ആകാശത്തിന്റെ ദുഃഖം
മഴത്തുള്ളികളായി
മണ്ണിലേക്ക്.....
ഭുമിയുടെ വേദന ഉറവ പൊട്ടി
മണ്ണിലൂടെ    നദിയായി....കടലായി....
എന്റെ അഴല്‍ തിന്നു തീര്‍ക്കുന്ന
തൂലികയ്ക്കു
ഒരു തുള്ളി കണ്ണീര്‍ പോലും
സ്വന്തമായില്ലല്ലോ  
എന്ന ദുഃഖം എന്നെ
                                      കരയിക്കുന്നു.....