Tuesday, November 20, 2012

പടിയിറക്കം



ചുണ്ടില്‍ പരിഹാസ മുദ്രയും പേറി നീ 
ദൂരത്ത്തിരിക്കുന്നുവല്ലോ 
പരാജയമുണ്ടു, ജീവിത കയ്പുനീര്‍ 
ആവോളം മോന്തി ഞാനീ പെരുവഴിത്താരയില്‍ ...
കൊണ്ടു പോകാനെത്തുന്ന നേരവും കാത്തു കാത്തു 
തളര്‍ന്ന മിഴികളില്‍ പ്രതീക്ഷതന്‍ 
പുഷ്പങ്ങളും കൊഴിഞ്ഞിങ്ങനെ.......

വന്നിരിരിക്കുമോ നീയെന്റെ ചാരത്തു ?
എന്റെ നഷ്ടങ്ങളെ നിന്നോട് ചേര്‍ക്കുമോ ?
പാതി മറന്നൊരെന്‍ ജീവിത ഗാനത്തില്‍ 
നീ വര്‍ണസ്വപ്‌നങ്ങള്‍ ചേര്‍ത്ത് മെനയുമോ?

വിട ചൊല്ലുവാന്‍മാത്രമെന്ത്  ശേഷിപ്പുകള്‍ 
ബന്ധനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുമീ 
ബന്ധങ്ങളൊക്കെ  വെറും പൊള്ളവാക്ക് പോല്‍ 
ബന്ധങ്ങളറ്റവ... നിര്ജീവമായവ...

ഉള്ളിലെങ്ങോ കലങ്ങി മറിഞ്ഞോരെന്‍ 
പ്രണയ സാഗരം എന്നേ  വരണ്ടുപോയ്!
സൌഹൃദങ്ങള്‍ ചിതല്‍ തിന്നോരോര്‍മ്മതന്‍ 
താളുകള്‍ പോല്‍ പൊടി പുരണ്ടെന്തിനോ .......

കൊണ്ടു പോകുവാന്‍ കയ്യില്‍ കരുതുമീ 
സ്നേഹവീണാ തന്ത്രിയില്‍ പോലുമേ 
നീ തന്ന നൊമ്പര മുത്തുകള്‍ കോര്‍ത്തുചേര്‍ത്ത-
തതെന്തിന്നു  വിരഹമേ....?

കാത്തു നില്‍പ്പതില്ലാരും പടിക്കെട്ടില്‍ 
കണ്ണുകള്‍ നീറി, വിതുമ്പുന്ന ചുണ്ടുമായ് ...
നേര്‍ത്ത പിന്‍വിളിയാലെയെങ്കിലും 
ആരുമില്ലെന്റെ  മാര്‍ഗം മുടക്കുവാന്‍.....

ഒടുവിലിപ്പടി ചാരി നാം നീങ്ങുമ്പോള്‍ 
പിന്നിലേക്ക്‌ മറയുമീ  കാഴ്ചകള്‍...!

സ്വപ്നഭംഗങ്ങള്‍, കണ്ണീര്‍ നിമിഷങ്ങള്‍,
നെഞ്ചു കീറിക്കരയിച്ച കാഴ്ച്ചകള്‍...
ഇത്തിരി തേനും, ഒരിത്തിരി വെട്ടവും 
ഒടുവിലീ മരണ രാത്രിതന്‍ വേവുകള്‍.....

ഓര്‍മ്മകള്‍ക്കു കരിമ്പടം തയ്ച്ചു നീ 
മൂടുകെന്റെ സിരാ പടലങ്ങളെ.....

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ജീവിതം,പ്രണയം,വിരഹം,മരണം..എല്ലാം അടക്കിയൊതുക്കിവച്ച വരികള്‍ ..കവിത നന്നായി.

ajith said...

ഓര്‍മ്മകള്‍ക്കു കരിമ്പടം തയ്ച്ചു നീ
മൂടുകെന്റെ സിരാ പടലങ്ങളെ.....

മനോഹരകവിത

Sasikala Alappat said...

ആറങ്ങോട്ടുകര മുഹമ്മദ്, അജിത്.....വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി...

എഴുതുവാന്‍ ഏറെ കൊതിക്കുമ്പൊഴും വാക്കുകള്‍ പിടി തരാതെ വഴുതി മാറുന്നു...പിടി തരുന്നവ ആരുടെയെങ്കിലുമൊക്കെ മനസിനെ സ്പര്‍ശിക്കുന്നു എന്നറിയുമ്പൊള്‍.....

നന്ദി....