Tuesday, October 19, 2010

നിനക്ക്....




പ്രണയാര്‍ദ്രമാമെന്റെ ഹൃദയ താഴ്വാരത്തില്‍ 
നീ കുടഞ്ഞിട്ടതാം വര്‍ണ്ണ കിനാവുകള്‍
പൊട്ടിമുളച്ചു  വിടര്‍ന്നു വളര്‍ന്നുവന്നിന്നെന്‍റെ 
പ്രാണനില്‍ തീര്‍ക്കുന്നു വാസന്തം...

കാത്തു നില്‍ക്കാതെ കടന്നുപോം കാലത്തിനൊപ്പം
ചലിക്കുന്നു, നാമൊരേ വീചിയായ്‌.
നമ്മെ മറന്നു നാം പാടുന്ന പാട്ടുകള്‍ 
കുളിരായി നിറയുന്നിതാകാശവീഥിയില്‍   

സ്വര്‍ണ ലിപികളാല്‍  ആലേഖനം ചെയ്ത 
നിന്‍റെ നാമമെന്‍ പ്രാര്‍ഥനാ മന്ത്രമായ് 
നിന്‍റെ രൂപമെന്‍ ആത്മാവിനുള്ളില്‍ ഞാന്‍
എന്നുമര്‍ച്ചന  ചെയ്യുന്ന പുണ്യമായ്....

കണ്ണുനീരിലും പുഞ്ചിരിച്ചീടുവാന്‍,
പുഞ്ചിരിക്കുള്ളില്‍ നിന്നെ നിറയ്ക്കുവാന്‍
നിന്‍റെ ഗാനത്തിലെന്നെ മറക്കുവാന്‍
എന്നുമെന്നില്‍ നീ നീയായി നിറയുക....

Saturday, September 25, 2010

ശരിയും  തെറ്റും
ശരിയുടെ പാരാവരത്തിലൂടെ
എത്ര തുഴഞ്ഞാലും
ഒരു വലിയ തെറ്റാണ് ഞാന്‍.

എത്ര തെറ്റുകള്‍ ആരോപിക്കപ്പെട്ടാലും
അശുദ്ധിയുടെ തീണ്ടലേല്‍ക്കാത്ത
ശരിയുടെ തീനാളമാണ് ഞാന്‍

എല്ലാ തെറ്റുകളും ശരികളായ് മാറുമ്പോള്‍
എല്ലാ ശരികളും കാലം മായ്ക്കുമ്പോള്‍
തെറ്റും ശരിയുമില്ലാത്ത ലോകത്തില്‍
ഒരു ജനല്പാളി എനിക്കായ് തുറക്കുന്നു......

Saturday, September 18, 2010

 ഗുല്‍മോഹര്‍  ....
നിന്‍റെ നിഴല്‍ എനിക്കുമേല്‍
സ്നേഹത്തിന്റെ കുട നീര്ത്തിയപ്പോള്‍
പൊയ്പ്പോയ വസന്തത്തിന്റെ ശോണിമ
മനസിന്റെ ക്യാന്‍വാസിലേക്ക്
ആവാഹിക്കുകയായിരുന്നു ഞാന്‍....

അക്ഷരങ്ങള്‍ തീര്‍ത്ത ഇടിമുഴക്കങ്ങള്‍
ബധിര കര്‍ണ്ണങ്ങളില്‍  വീണുടഞ്ഞപ്പോള്‍ 
എരിഞ്ഞടങ്ങിയ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍..
ചുരുട്ടിയ മുഷ്ടികള്‍ക്കിടയില്‍
അമര്‍ന്നുപോയ ജീവിതങ്ങള്‍....

"വരൂ ഈ തെരുവുകളിലെ രക്തം കാണൂ "

കാണുന്ന കാഴ്ചകള്‍ കരളിനെ കൊത്തിവലിയ്ക്കുമ്പോള്‍
ഞാനീ കണ്ണുകള്‍ ചൂഴ്ന്നെടുക്കട്ടെ...

കാലം തീര്‍ത്ത തടവറയില്‍ കൂട്ടിനു 
കാലം  മായ്ക്കാത്ത നോവുകള്‍ മാത്രം....
  • ജയരാജ് ഫിലിം ഗുല്‍മോഹര്‍ 

Wednesday, July 28, 2010

     സ്വപ്നത്തോട്...

ചിറകുകളുള്ള എന്‍റെ പ്രിയ സ്വപ്നമേ...
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ
രാവിന്‍റെ ഓരം ചേര്‍ന്നെത്തി എന്‍റെ നിദ്രയില്‍
നീ വീണ്ടും  പൂത്തുതളിര്‍ക്കുക...
പുനര്‍ജനിയുടെ മന്ത്രങ്ങളോതി
വിളിച്ചുണര്‍ത്തുമ്പോള്‍  നീ അറിയാതെ പോയതും
ഞാന്‍ പറയാന്‍ മറന്നതും ശൂന്യതകള്‍
മാത്രമവശേഷിപ്പിക്കുന്ന ഈ കാത്തിരിപ്പ്...
കേള്‍ക്കുവാന്‍ കഴിയാതിരുന്നത് നീ
കുടഞ്ഞിട്ട മഞ്ചാടിമണികളുടെ കിലുക്കം... 
കണ്ണുകള്‍ക്ക്‌ മുന്നില്‍ തെളിയാതിരുന്നത് 
നീ നീട്ടിയ പ്രതീക്ഷയുടെ കിരണങ്ങള്‍..
 ചിറകുകളുള്ള എന്റെ പ്രിയ സ്വപ്നമേ,
നീ എവിടെയോ മറഞ്ഞിരിക്കുന്നുവല്ലോ? 

Wednesday, July 21, 2010

ലളിതഗാനം 2

എവിടെ നിന്നു വന്നു നീ...
ഒരു തൂവലായ് കനവായ്....
എവിടെനിന്നും എവിടെ നിന്നും....
ജീവനായ്...എന്‍ മോഹമായ്... (എവിടെ നിന്നു ....)

ഓര്‍മ്മയില്‍ വീണടിയും പൂവുകള്‍
നീ വരച്ചൊരു ചിത്രമായ്‌...
നീ കുറിച്ചൊരു ഗാനമായി  ഞാന്‍
ഒഴുകിയീ മൂക സന്ധ്യയില്‍.... (എവിടെ നിന്നു ...)

കാത്തിരുന്നു ഞാന്‍  എന്‍റെ ജീവനെ...
നിന്‍റെ മൊഴിയിലെ സാന്ത്വനം....
കോര്‍ത്തു വച്ചു ഞാന്‍ നിന്‍റെ മിഴിയിലെ
പ്രണയമെന്‍ താര ഹാരമായ്‌....(എവിടെ നിന്നും....)

Friday, July 16, 2010

മരണം

വാക്കുകള്‍   മരിക്കുമ്പോളാണ് 
യഥാര്‍ത്ഥ മരണമെങ്കില്‍
നിനക്ക് മുന്നില്‍ എന്നേ മൃതിയടഞ്ഞതാണ്  ഞാന്‍?
ശവമഞ്ചം പേറി ഇന്നും സ്വപ്‌നങ്ങള്‍
ഇതു വഴിയെ അലയുന്നു....

ഒന്നുമില്ല....ഒരു വാക്കുമില്ല
നിന്നോട് മന്ത്രിക്കുവാന്‍....
പാതിയുറക്കത്തില്‍ വിളിച്ചുണര്‍ത്തി നീ തന്ന
സുവര്‍ണ നിമിഷങ്ങള്‍...
നീ തന്ന കണ്ണുനീര്‍ തുള്ളികള്‍....
നിന്നില്‍ മാത്രം വിടര്‍ന്നു നിന്നില്‍ ഒടുങ്ങിയ
എന്‍റെ ദിനരാത്രങ്ങള്‍...
ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ ഉറങ്ങുന്ന
നിന്‍റെ ഓര്‍മ്മകള്‍....
ഒരു വാക്കും അവശേഷിക്കുന്നില്ല
ഒക്കെയും പകര്‍ത്തുവാന്‍ ........

ഇത്തിരി നേരം എന്തിനേ
നീ ഇവിടേയ്ക്ക് പറന്നു വന്നത്?
എന്തിനേ ഈ ദുര്‍ബലമായ
ശാഖിയില്‍  ഒരു കൂട് കൂട്ടിയത്?
 ഒരു ചെറുകാറ്റിലും ഉലയുന്ന ഈ കൂട്
എന്നെ ഭയപ്പെടുത്തുന്നു....
മരണത്തിന്റെ നേര്‍ത്ത തലോടല്‍...
വാക്കുകള്‍ക്കൊപ്പം ഇല്ലാതാവാന്‍
എന്നെ  അനുവദിക്കുക....


Monday, July 12, 2010

  
ഒരു ലളിതഗാനം.....

മയില്‍‌പീലി

കണ്ണാ നിനക്കായി നല്കുവാനിന്നൊരു
സമ്മാനമുണ്ടെന്റെ  കയ്യില്‍....
ചാരത്തണഞ്ഞു  നീ ചേര്‍ന്നു  നില്ക്കുകില്‍
തന്നിടാം കയ്യില്‍ രഹസ്യമായി....(കണ്ണാ...)

പൈക്കളെ  മേച്ചു നീ കാട്ടില്‍ നടക്കുമ്പോള്‍
ഓര്‍മ്മയില്ലാതെങ്ങും  വച്ചിടൊല്ലേ... 
ഗോപികമാരൊത്തു  നീറ്റില്‍ കളിക്കുമ്പോള്‍
ഞാന്‍ തന്നുവെന്നു   പറഞ്ഞിടല്ലേ... ..........(കണ്ണാ...)

ഇത് വെറും പീലിയല്ലിതിലുണ്ട് സ്വപ്‌നങ്ങള്‍
ഇതിലുണ്ട് കണ്ണനെ തേടുന്ന കണ്ണുകള്‍....
ഇതു  നീയണിയുക  നെറുകയില്‍  കൃഷ്ണാ...
കരിനീല വര്‍ണ്ണാ, നിനക്കിതെന്‍ സമ്മാനം.....(കണ്ണാ..)



Wednesday, July 7, 2010

   

കളിവീട്  

കിനാവുകള്‍ നെയ്തൊരു
       കളിവീട് കെട്ടി ഞാന്‍
നിന്നെയാ കൂട്ടില്‍ 
       കുടിയിരുത്തും...

രാവിന്റെ ജാലകം 
      മെല്ലെ തുറന്നു  ഞാന്‍ 
ചാന്ദ്രിക ബിംബം 
       കവര്‍ന്നെടുക്കും....

താരാഗണങ്ങള്‍ കളി 
         വാക്കുതിര്‍ക്കവേ
മെല്ലെയാ കൈകളില്‍ 
        ഉമ്മ വയ്ക്കും

പൂക്കളും പുഴകളും
         പൂവിട്ട തേന്മാവും
മണ്ണിലും സ്വര്‍ഗങ്ങള്‍
        തീര്‍ത്തു വയ്ക്കും

പൂവാംകുരുന്നില 
       നുള്ളുന്ന തെന്നലെന്‍ 
നൊമ്പരശീലുകള്‍ 
      ഏറ്റുപാടും.....

ചാരുതയേറുന്ന നിന്‍ 
         മിഴിപ്പൂക്കളില്‍ 
എന്‍റെ  മോഹങ്ങള്‍ 
          ഒളിച്ചിരിക്കും...

നീയാണ് ഞാനെന്നു 
       തേറുമാവേളയില്‍
കത്തി ജ്വലിച്ചു ഞാന്‍
       സൂര്യനാകും....


Tuesday, July 6, 2010














നീ ഒരു മഴയായിരുന്നെങ്കില്‍

വറ്റി വരണ്ട എന്‍റെ ജീവനിലേക്കു
ഒരു മഴയായി നീ പെയ്യുമെങ്കില്‍
മഴത്തുള്ളികള്‍ കോര്‍ത്ത്‌ ഞാനൊരു
സുവര്‍ണ ഹാരം തീര്‍ക്കും ..

പുതുമണ്ണിന്റെ ഗന്ധം പ്രാണനില്‍
അരിച്ചിറങ്ങുമ്പോള്‍ മഴയിലലിഞ്ഞു
മഴയായ് തീര്‍ന്ന് ഞാന്‍ എന്‍റെ ജന്മം
ഒരു മഴത്തുള്ളിയില്‍ ഒളിപ്പിക്കും ....

നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍
അലയടിക്കുന്ന നൊമ്പരങ്ങളെ ഞാന്‍
നിന്‍റെ ആരവങ്ങള്‍ക്കിടയില്‍
പോയ്‌ മറയാന്‍ അനുവദിച്ചേനെ..

നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍.....

Sunday, June 27, 2010





 ഒറ്റയ്ക്ക്
ഒറ്റയ്ക്കാവുമ്പോള്‍
ഞാന്‍ വല്ലാതെ ഒറ്റയ്ക്ക്....
സൌഹൃദത്തിന്റെ കാണാ ചരടുകളോ
പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശമോ
നിന്‍റെ സാന്ത്വനത്തിന്റെ
നേര്‍ത്ത വലയങ്ങലോ ഇല്ലാതെ
ഒറ്റയ്ക്ക്.....

രാവിന്റെ കൂമ്പിയടഞ്ഞ ഇതളുകള്‍ക്കിടയില്‍
മഞ്ഞുതുള്ളിയെപ്പോല്‍
പതിയിരിക്കുന്ന
വേദന പോലും അടുക്കാന്‍ 
അറയ്ക്കുമ്പോള്‍
ഒറ്റയ്ക്കാണെന്നു പോലും
മറക്കുന്നു ഞാന്‍.....