Wednesday, June 16, 2010



              







            
 

                    വിട

 ഓമലേ നിന്നുടെ മൌനമെന്‍ ഹൃത്തിലെ-
യ്ക്കാഴ്ന്നിറങ്ങുന്നൊരു  വാളായിരുന്നുവോ? 
നിന്നിലെ ദൈന്യമെന്‍ സുന്ദര വേണുവില്‍
ഗാനം മുഴക്കുന്ന കാറ്റായിരുന്നുവോ?

അര്‍ത്ഥമില്ലാത്തെത്ര  സങ്കീര്‍ത്തനങ്ങളാല്‍
വ്യര്‍തവിലാപങ്ങള്‍  നെയ്തിരുന്നന്നു നാം
തൂലിക തുമ്പിലൂടിറ്റ  കണ്ണീരിനാല്‍ 
എത്ര ചിത്രങ്ങള്‍ വരച്ചിരുന്നു?

ഓര്‍മ്മകള്‍, നോവുമീ ഓര്‍മ്മകള്‍ക്കായിനി
തീര്‍ക്കാം നമുക്കൊരു ശവ കുടീരം 
നൊന്തു വേവുന്നോരീ ഹൃദയം പറിച്ചെറി -
ഞ്ഞൊരുമാത്ര നമ്മെ മറന്നിരിക്കാം....

എത്രയോ പാതകള്‍ പിന്നിട്ടതാണ് നാ-
മിരുപേരുമിടറാത്ത  പാദങ്ങളാല്‍ 
പിന്നെ എന്തിനീ വേദന എന്തിന്നു വേപഥു
പിന്‍ വിളികളില്ലാതെ  കടന്നു പോകാം

എത്ര ജന്മങ്ങള്‍ പകിത്തിട്ടുമിന്നിയും 
ബാക്കിയാവുന്നൊരാ വാക്കുകള്‍ക്കായി ഞാന്‍
ഓര്‍മയില്‍ പരതവേ യാത്ര ചൊല്ലാതെ നീ
യാത്രയാവുന്നുവോ അന്ധ മൂക ബധിരനായ്?

                            (Published in Mathrubhumi weekly)

No comments: