Friday, July 16, 2010

മരണം

വാക്കുകള്‍   മരിക്കുമ്പോളാണ് 
യഥാര്‍ത്ഥ മരണമെങ്കില്‍
നിനക്ക് മുന്നില്‍ എന്നേ മൃതിയടഞ്ഞതാണ്  ഞാന്‍?
ശവമഞ്ചം പേറി ഇന്നും സ്വപ്‌നങ്ങള്‍
ഇതു വഴിയെ അലയുന്നു....

ഒന്നുമില്ല....ഒരു വാക്കുമില്ല
നിന്നോട് മന്ത്രിക്കുവാന്‍....
പാതിയുറക്കത്തില്‍ വിളിച്ചുണര്‍ത്തി നീ തന്ന
സുവര്‍ണ നിമിഷങ്ങള്‍...
നീ തന്ന കണ്ണുനീര്‍ തുള്ളികള്‍....
നിന്നില്‍ മാത്രം വിടര്‍ന്നു നിന്നില്‍ ഒടുങ്ങിയ
എന്‍റെ ദിനരാത്രങ്ങള്‍...
ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ ഉറങ്ങുന്ന
നിന്‍റെ ഓര്‍മ്മകള്‍....
ഒരു വാക്കും അവശേഷിക്കുന്നില്ല
ഒക്കെയും പകര്‍ത്തുവാന്‍ ........

ഇത്തിരി നേരം എന്തിനേ
നീ ഇവിടേയ്ക്ക് പറന്നു വന്നത്?
എന്തിനേ ഈ ദുര്‍ബലമായ
ശാഖിയില്‍  ഒരു കൂട് കൂട്ടിയത്?
 ഒരു ചെറുകാറ്റിലും ഉലയുന്ന ഈ കൂട്
എന്നെ ഭയപ്പെടുത്തുന്നു....
മരണത്തിന്റെ നേര്‍ത്ത തലോടല്‍...
വാക്കുകള്‍ക്കൊപ്പം ഇല്ലാതാവാന്‍
എന്നെ  അനുവദിക്കുക....


3 comments:

കാവാലം ജയകൃഷ്ണന്‍ said...

വാക്കുകള്‍ ഇല്ലാതെയാവുന്നില്ലല്ലോ... കല്‍‍പ്പാന്തത്തോളം, അതു കഴിഞ്ഞും അവ നിലനില്‍‍ക്കട്ടെ... (അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ...)

Sasikala Alappat said...

ചില നിമിഷങ്ങളില്‍ വാക്കുകള്‍ക്കു മരണം സംഭവിച്ചതായി തോന്നുന്നു...എന്തോ പറയുവാന്‍ ബാക്കി നില്‍ക്കുമ്പോളും ഒരു വാക്കും പുറത്തേക്കു വരാത്ത അവസ്ഥയില്‍....... അപ്പോള്‍ ആ വാക്കുകളെ പോലെ ഇല്ലാതാവാന്‍ തോന്നിപോവുന്നു...

വായനയ്ക്ക്‌ നന്ദി....

Anonymous said...

അക്ഷരങ്ങള്‍ പിറക്കാന്‍ മടിക്കുമ്പോള്‍ ചിന്തകള്‍ പിറക്കുന്നു...
ചാരം മൂടിയ കനലുകള്‍ നാളം പകരുമെങ്കില്‍ ,
നിലവിളക്ക് ഒളി വിതറുമെങ്കില്‍ ,
ആ പ്രഭയില്‍ ഇരുള്‍ മറയും , ഇരുളില്‍ മറഞ്ഞിരിക്കുന്നു എന്ന് ഭയന്ന രൂപങ്ങള്‍ ഇല്ലാതെയാകും ,
അന്ന് ചിന്തകള്‍ വാക്കുകളെ പ്രസവിക്കും , മനോഹരമായ വാക്കുകളെ
ആ വാക്കുകള്‍ മഴ പെയ്യിക്കും, നിന്‍റെ മനസ്സില്‍
ഈറനോടെ നില്‍ക്കുന്ന നിന്‍റെ നെറ്റിയില്‍ പൊട്ടു തൊടുവിക്കട്ടെ , നിന്‍റെ പ്രണയം
ആശംസകള്‍!