Tuesday, June 22, 2010



എങ്ങനെ കുറിക്കണം ഞാന്‍?

പത്രത്താളില്‍ നിന്നും
നീണ്ടു വന്ന് നിന്‍റെ കൈകള്‍
എന്‍റെ കഴുത്ത് ഞെരിക്കുന്നു...
എല്ലുകള്‍ നീണ്ട്,
കണ്ണുകള്‍ കുഴിഞ്ഞ്,
രക്തമൊരു  തുള്ളിയും
അവശേഷിക്കാത്ത ആ കൈകള്‍....





നിന്‍റെ പിഞ്ചു നാവ്  ഇറ്റു
ജലത്തിനായ്‌ കേഴുമ്പോള്‍
നദി വിറ്റു വാങ്ങിയ കോളയില്‍
ഞാന്‍ എന്‍റെ പാപം കഴുകുന്നു...
നിന്‍റെ പ്രാണന്‍ പശിയാല്‍ പിടയുമ്പോള്‍
എന്‍റെ എച്ചില്‍ കൂനകള്‍
അമ്ബരത്തോളം ഉയരുന്നു...
 ഇവിടെ ഈ ശീതളിമയില്‍ ഇരുന്ന്
ഞാന്‍ പ്രണയത്തെ കുറിച്ച്
പാടുമ്പോള്‍
അങ്ങ് ദൂരെ നിന്‍റെ അവസാന ശ്വാസം
നിലക്കുന്നതും നോക്കി
കാവലുണ്ട്  ഒരു  കഴുകന്‍..!

എന്‍റെ സ്വപ്നങ്ങള്‍ക്ക് മാത്രമല്ല,
മരണത്തിനും നിറമുണ്ടത്രെ!
അങ്ങനെയെങ്കില്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക്  നിറമെന്താവും?
ഒരു പിടി ചോറിന്റെ നിറം?
ഒരിറ്റു തെളിനീരിന്റെ നിറം?
അതോ ഇനിയും നിന്‍റെ
കണ്ണുകളില്‍ നിന്നടരാന്‍
മടിക്കുന്ന കണ്ണീരിന്റെയോ?

അറിയുന്നു ഞാന്‍ .
ആ പിഞ്ചു കൈപ്പത്തികള്‍ക്ക്
എന്‍റെ ദര്‍പ്പത്തോടൊപ്പം  
ഈ ലോകത്തെ അപ്പാടെ ഞെരിക്കാന്‍
കഴിഞ്ഞേക്കും, 
ഇന്നല്ലെങ്കില്‍
മറ്റൊരിക്കല്‍....

1 comment:

Anonymous said...

അവന്റെ മരണത്തിനും കഴുകന്റെ ക്രുരമായ കാത്തിരിപ്പിനും ഒരേ കാരണം - വിശപ്പ്‌, ഭൂമിയിലേ വലിയ ദുഃഖം...
വിശപ്പര്രിയാത്തവര്‍ ഭാഗ്യവാന്മാര്‍ ! എന്നിട്ടും ആ ദുഃഖം കാണാന്‍ കഴിഞ്ഞ നിന്റ്റെ മനസ്സ് ഒരു വേള പ്രണയം കൊതിച്ചതില്‍ തെറ്റുണ്ടോ സഖി !!!